Total Pageviews

Thursday 10 May 2018

ബ്ലോഗൊർമ്മ 


മാസങ്ങൾക്ക് ശേഷം ഇന്നിപ്പോ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരിയ്ക്കുമ്പോൾ വെറുതെ ഭൂതകാലത്തെകുറിച്ചു ഓർത്തുപോയി ! .. അങ്ങനെ ഓർത്തോർത്തു എത്തി നിന്നത് ബ്ലോഗെഴുത്തു കാലഘട്ടത്തിൽ. അവിടുന്ന് അങ്ങൊട് മുന്നോട്ട് പോകാൻ മനസ്സിനൊരു മടി ... എന്നാൽ ശരി മനസ്സിന്റെ ആഗ്രഹം തന്നെ നടക്കണമല്ലോ ! ( എല്ലായിപ്പോഴും നടക്കണമെന്നില്ല) അങ്ങനെ ബൂലോഗത്തിൽ കയറി പ്രൊഫൈൽ !!!   ആ സത്യം തിരിഞ്ഞെറിഞ്ഞു ഞാൻ ഞെട്ടി !!! 

"BLOGER SINCE JANUARY 2017 !!"

ഓർക്കുട്ട് മരിച്ചു ഫേസ്ബുക്കും വാട്സാപ്പും ജനിയ്ക്കുന്നതിനു ഇടയിലുള്ള ഒരു കാലഘട്ടമായിരുന്നു ബ്ലോഗെഴുത്തുകാലം ! തോന്നുന്നത് അപ്പപ്പോൾ കുറിപ്പുകൾ ആക്കി വെച്ച് പിനീട് ഒരു ത്രെഡ് ആവുമ്പോൾ ബ്ലോഗ് ആക്കി മാറ്റുന്ന ആ രീതിയ്ക്ക് ഒരു അന്ത്യം വന്നത്, മനസ്സിൽ തോന്നുന്നത് അപ്പപ്പോൾ പങ്കുവെക്കാനുള്ള വേദിയായി ഫേസ്ബുക്ക് മാറികഴിഞ്ഞപ്പോൾ ആണ് !! .... ഫസ്ബുക്ക് വന്നതോടെ വേറെ ഒന്നിനും സമയമില്ലെന്ന് നമ്മൾ സ്വയം തീരുമാനിച്ചു!  ഇൻസ്റ്റന്റ് എഴുത്തും, അപ്പപ്പോൾ കിട്ടുന്ന പ്രതികരണവും, അതിനുള്ള മറു പ്രതികരണവും  എന്ന രീതി വന്നതോടെ ബ്ലോഗെഴുത്തും നിലച്ചു ! എന്നാൽ ഫേസ്ബുക്കും മോശമായ രീതിയിൽ  സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ കുറെ നാളുകളായി കണ്ടു വരുന്നത് !! 
ആയതിനാൽ ഫേസ്ബുക്കിലെയും, വാട്സാപ്പിലെയും തത്സമയ പോർവിളികളും, ന്യായീകരണങ്ങളും പരിമിതപ്പെടുത്തി വീണ്ടും ബ്ലോഗെഴുത്തിലേക്ക് തിരിച്ചുപോവാൻ ഇപ്പോൾ മനസ്സ് കൊതിക്കുന്നു !! 


Monday 1 August 2016

കർക്കിടക വാവ് - ബലിതർപ്പണം ഒരു ഓർമ്മ ! 

ഈ പോസ്റ്റ് ആരെയും വേദനിപ്പിക്കാനോ, ആരുടേയും വികാരങ്ങളെ ഹാനിപ്പിക്കാനോ വേണ്ടി അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ !! 

ഈ കർക്കിടക വാവൊക്കെ ഇപ്പൊ ഒരു 15 കൊല്ലായിട്ടു വന്ന, മ്മടെ പൂവാലൻസ് ഡേ, അക്ഷയ തൃതീയ ഒക്കെ പോലെ വാണീജ്യവൽക്കരിക്കപ്പെടുന്ന ഒരു കാലഘട്ടം ആണെന്ന് വിഷമത്തോടെ പറയട്ടെ. ( ആരുടേയും വിശ്വാസത്തെ ഹനിക്കുന്നില്ല. മുൻപും നല്ല വിശ്വാസത്തോടെ ബലിതർപ്പണം നടത്തിപ്പിക്കുന്നവർ ഉണ്ടായിരുന്നു). ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്തു അതാത് കാരണവന്മാരുടെ ശ്രാദ്ധം അതാത് ദിവസങ്ങളിൽ ചെയ്യുന്ന ഒരു രീതി ആയിരുന്നു. മാത്രമല്ല, തിരുന്നെല്ലിയിൽ പോയി വേണ്ടത് ചെയ്‌താൽ പിന്നെ ഒന്നും ചെയ്യേണ്ടതില്ല എന്നൊരു അനൂകൂല വിശ്വാസം കൂടി ഉണ്ടായിരുന്നു. 

അങ്ങനെയിരിക്കുന്ന അവസരത്തിൽ ആണ് ഒരിക്കൽ മുത്തശ്ശന്റെ ചാത്തം ( ശ്രാദ്ധം) വന്നു ചേർന്നത്. അന്ന് രാവിലെ അച്ഛനൊക്കെ കുളിച്ചു ശുദ്ധം ആയി, കവ്യം ( ബലി തൂവുന്ന ചോറിനു അങ്ങന്യാ പറഞ്ഞിരുന്നത്) വെച്ച് കാത്തു നിൽക്കുന്നു. ഒരു 7.30 ആയപ്പോൾ ഒരു ബുള്ളറ്റിന്റെ ശബ്ദം .... നോക്കുമ്പോൾ ചാത്തം ഊട്ടാൻ ഏറ്റ നമ്പൂരി, ഒരു ഓണം ഘോഷയാത്രയെ ഒക്കെ ഓർമ്മിപ്പിക്കുന്ന പോലെ തറ്റൊക്കെ ഉടുത്തു, ഭസ്മം നനച്ചു കുറി ഇട്ടു വന്നു. ഒന്നൊര മണിക്കൂറിൽ പരിപാടികൾ തീർത്തു ഇടിലി ചട്ടിണി കാപ്പി കഴിച്ചു വന്നു. നേരെ ബാഗ് തുറന്നു ഷർട്ടും പാന്റും ഇട്ടു. ഷൂ എടുത്ത് ഇട്ടു. ഒരു പ്രമുഖ കമ്പനിയുടെ മാർക്കറ്റിങ് ഹെഡ് ആയ അദ്ദേഹംനേരെ ആപ്പീസിലേക്ക്. !! നവയുഗ ചാത്തം ഊട്ട് ! ( പറഞ്ഞിട്ട് കാര്യം ഇല്ല്യ. എല്ലാവരും ഉദ്യോഗസ്ഥർ ആണല്ലോ) 

 അങ്ങനെ എല്ലാം കഴ്ഞ്ഞു ഇങ്ങനെ ഇരിക്കുന്ന സമയത്താണ് വല്യച്ഛൻ ഒരു രസകരമായ സംഭവം പറഞ്ഞത് ( ശരിയാണോ എന്ന് ഇപ്പോഴും അറിയില്ല.) 

പണ്ടൊക്കെ ചാത്തം എന്ന് പറഞ്ഞാൽ രാവിലെ എണീറ്റ് മാറ്റ് ( കർമ്മം ചെയ്യുമ്പോൾ ഉടുക്കുന്ന ഇണതോർത്ത്)ഒക്കെ കഴുകി ഉണക്കാൻ ഇടും. അത് ഉണങ്ങീട്ടു വേണം ചാത്തം തുടങ്ങാൻ. അങ്ങനെ നോക്കി ഇരിക്കുമ്പോൾ ആണ് മുറ്റത്തുകൂടെ ഒരു പട്ടി ഓടി പോയത് ! ഉടനെ ഇല്ലത്തെ ഒയ്ക്കൻ നമ്പൂരിക്ക്  സംശയം! ... ആ പട്ടിയുടെ വാല് മാറ്റിൽ തൊട്ടോ ? തൊട്ടെങ്കിൽ അത് അശുദ്ധം ആയിട്ടുണ്ടാവും. തീർച്ച ! പിന്നെ ആദ്യേ ഒക്കെ മുക്കി ഇടണം ! ആകെ സംശയം ആയി ... ഇനീപ്പോ എന്താ വേണ്ടേ എന്നായി. വല്യമ്പൂരി ഒരു പരിഹാരം കണ്ടു. ഇല്ലത്തെ ഏതെങ്കിലും ഉണ്ണ്യമ്പൂരിയെ വിളിക്കാൻ പറഞ്ഞു. ഒരു ഉണ്ണ്യമ്പൂരി വന്നു. 

വല്യമ്പൂരി : ഒരു അരിവാൾ എടുത്തു ഓന്റെ പിന്നിൽ തിരുകി വെക്ക്.
അതുപോലെ ചെയ്തു .....
വല്യമ്പൂരി : ഇനി ഓൻ മുട്ടുകുത്തി ആ മാറ്റിന്റെ അടീക്കൂടെ നടക്കട്ടെ. അരിവാളിന്റെ തുമ്പു മാറ്റിൽ തൊട്ടാൽ പട്ടീടെ വാലും തൊട്ടൂ ന്നു കണക്കാക്കാം ! 

വല്യമ്പൂരി പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല്യാലോ. ഉണ്ണ്യമ്പൂരി അരിവാൾ പിന്നിൽ തിരുകി മുട്ടുകുത്തി മാറ്റിന്റെ അടിയിൽക്കൂടി നടന്നു. 

തൃപ്തി പോരാ .... റീപ്ലേ ... സ്ലോമോഷൻ ! ഒരു റണൗട്ട് വിധിക്കാൻ ഉത്തരവാദപ്പെട്ട ഒരു തേഡ് അമ്പയറെ പോലെ ... ഒരു മൂന്നു നാല് പ്രാവശ്യം ആ പാവം ഉണ്ണ്യമ്പൂരിക്ക് അങ്ങടും ഇങ്ങടും മുട്ടിന്മേൽ നടക്കേണ്ട വന്നു !

അവസാനം പച്ച ലൈറ്റ് കത്തി ! .... "മാറ്റ് ഈസ് ഇൻ" 

അപ്പോൾ ശരിക്ക് ശ്വാസം നേരെ വീണത് പ്രധാന ചാത്തം ഊട്ടുകാരൻ ആയ ചെറിയമ്പൂരിക്ക് ആണ് ! ( കാരണം ഇത് കഴിഞ്ഞിട്ട് വേണം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പോയി പേര് രജിസ്‌ട്രേഷൻ പുതുക്കാൻ !!)

Saturday 11 June 2016

സെക്കന്റ്‌ ഷോ 

ഒരു ഇടവേള വന്നു. ഇപ്പൊ വെറുതെ ഇരുന്നു ഓരോന്ന് ആലോചിച്ചപ്പോ എഴുതാൻ തോന്നി.

തൊണ്ണൂറുകളുടെ മദ്ധ്യ കാലം. തൃശൂർ വാസം പാരമ്യത്തിൽ. പ്രസ്സിൽ വെറുതെ വന്നു നോക്കുകൂലി വാങ്ങൽ എന്ന അവസ്ഥ മാറി, അത്യാവശ്യം ഷിഫ്റ്റ്‌ ഡ്യൂട്ടിയിൽ ഒക്കെ ഇട്ടു തുടങ്ങി. എന്ന് വെച്ചാൽ മഷി കൂടിയാലും, കുറഞ്ഞാലും ഒക്കെ വിളിച്ചു പറയാറായി എന്ന് ചുരുക്കം. സാധാരണ നിലയ്ക്ക് സെപ്റ്റംബർ - ഒക്ടോബർ മാസങ്ങൾ ഓഫ് സീസൻ ആണ്. ഒക്ടോബർ പകുതിയോടെയെ കലണ്ടർ/ ഡയറി/ ഇത്യാതി പണികൾ വന്നു തുടങ്ങുകയുള്ളൂ. എന്നിരുന്നാലും രണ്ടു ഷിഫ്റ്റ്‌ കൃത്യമായി നടക്കുമായിരുന്നു. രാത്രി ഷിഫ്റ്റിൽ തീര്ക്കാൻ ഉള്ള പണികൾ ചാർട്ട് ചെയ്തു വച്ചിരിക്കും. വല്ല്യ നൂലാമാല പണികൾ അല്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ ഇടക്ക് ഓരോ പണി പറ്റിക്കും. വൈകീട്ട് 6 മുതൽ 9 വരെ മരിച്ചു പണിയെടുത്തു പിന്നെ നടക്കാൻ ഇറങ്ങും. ആ നടത്തം മിക്കവാറും അവസാനിക്കുനന്ത് പാടൂകാട് ദീപയിലോ, തിരൂർ ഗീതയിലോ ആയിരിക്കും. കൂട്ടിനു JP എന്ന ജയപ്രകാശ്, സേതു ഏട്ടൻ എന്ന സേതുമാധവൻ. രണ്ടു പേരും എൻറെ ആശാന്മാർ. രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളിൽ ആയിരുന്നെങ്കിലും കൊസ്രാകൊള്ളി ഒപ്പിക്കുന്നതിൽ ഒരേ മനസ്സായിരുന്നു ഞങ്ങൾക്ക്. പരസ്പ്പര വിശ്വാസവും( ഒറ്റു കൊടുക്കില്ല എന്ന) ബഹുമാനവും എക്കാലവും കാത്തു സൂക്ഷിച്ചു. 
ആയിടെ ആണ് ദേവരാഗം എന്നാ മലയാളം സിൽമ ഇറങ്ങിയത്. ഒരു ദിവസം രാത്രി ഷിഫ്റ്റ്‌ എടുക്കുന്ന സമയം. വിചാരിച്ച അത്ര പണിത്തിരക്ക് ഒന്നും ഇല്ല. എന്നാൽ രാവിലത്തേക്ക് തീര്ക്കാനുള്ള ജോലി ഉണ്ട് താനും. എന്നിരുന്നാലും ശ്രീദേവിയെ കാണുവാൻ ഉള്ള ആക്രാന്തമോ, മോഹമോ എന്തോ .... അന്ന് ഞങ്ങൾ മൂവരും തിരൂർ ഗീതയിൽ പോയി ദേവരാഗം കാണാൻ തീരുമാനിച്ചു; ഒരു വ്യവസ്ഥയിൽ. തിരിച്ചു വന്നിട്ട് പണി തീർക്കണം. എന്നിട്ടേ കിടക്കാൻ പറ്റൂ ... നാളെ ശനിയാഴ്ച  ആയതുകാരണം ഞാൻ മോർണിംഗ് കൂടി ചെയ്തു ഉച്ചക്ക് ശേഷം കോഴിക്കോട്ടേക്ക് പോകാൻ ആണ് പ്ലാൻ. പിന്നെ ഞായറും കഴിഞ്ഞു തിങ്കളാഴ്ച മോർണിംഗ് ഡ്യൂട്ടി. അപ്പോൾ പിന്നെ രാത്രി വന്നിട്ട് കുറച്ചു നേരം നിന്നാലും കുഴപ്പമില്ല. അങ്ങനെ 8.45 പണി നിർത്തി വച്ച് ഭക്ഷണം കഴിച്ചു തിരൂർ ഗീതയെ ലക്ഷ്യമാക്കി ഒരു നടത്തം നടന്നു. നടന്നു പോകുമ്പോൾ പലതും പറഞ്ഞു, ചിരിച്ചു. ടിക്കറ്റ്‌ എടുത്തു സിൽമാക്കളി തുടങ്ങി. ശ്രീദേവിയെ കൺ കുളിർക്കെ കണ്ടു. ആസ്വദിച്ചു. തിരിച്ചും ഒരു നടത്തം. 1 മണിക്ക് പ്രസ്സിൽ തിരിച്ചെത്തി. വേഗം ബാക്കി പണി കൂടി തീർത്തു ഏതാണ്ട് 3.30 മണിയായപ്പോൾ കിടന്നു. അതി രാവിലെ 6 മണിക്ക് ഫോൺ ബെൽ അടിച്ച കേട്ടാണ് ഉണർന്നത്. JP ക്ക് ആണ് ഫോൺ. JP ഇന്ന് പോവണ്ട. ഇന് മോർണിംഗ് ചെയ്തോളൂ. ഒരു അർജന്റ് ബ്രോഷർ ചെയ്യാൻ ഉണ്ട്. അത് JP തന്നെ ചെയ്താലേ ശരിയാവൂ. 4 കളർ ആണ്.
വൈദ്യൻ കല്പിച്ചതും പാൽ എന്ന ഒരു ചിന്തയിൽ JPയുടെ മനസ്സിലും ലഡ്ഡു പൊട്ടി. ശനിയാഴ്ച നൈറ്റ്‌ ഡ്യൂട്ടി അത്ര രസം ഉള്ള കാര്യം ഒന്നും അല്ല. എന്തായലും ഞങ്ങൾ രണ്ടു പേരും കുളിച്ചു അമ്പലത്തിൽ പോയി. നായരുടെ കടയില നിന്നും പതിവ് പോലെ ദോശയും ചട്ടിണിയും കഴിച്ചു 9 മണിക്ക് തന്നെ മിഷ്യന്റെ അരികിൽ  ഹാജരായി. അവണൂർക്കാരൻ മാനേജർ വന്ന പാടെ JP യോട് .

ഇന്നലെ എവിട്യാർന്നു ? ഞാൻ ഇന്നത്തെ ഡ്യൂട്ടി കാര്യം പായാൻ കുറെ വിളിച്ചിരുന്നല്ലോ.

JP  : മിഷ്യൻ ഒടാവോണ്ട് കേക്കാഞ്ഞതാവും. റണ്ണിംഗ് വർക്ക്‌ ആയിരുന്നല്ലോ. അതോണ്ട് സ്പീഡിൽ വിട്ടു.
മാനേജർ അത്ര സുഖമാല്ലാത്ത  രീതിയിൽ ഒന്ന് മൂളിയിട്ട് കാബിനിലേക്ക്‌ പോയി.
അര മണിക്കൂർ കഴിഞ്ഞപ്പോ റിസപ്ഷൻ ചേച്ചീടെ ഇന്റർകോം വിളി. JP നേം വിഷ്നൂനേം സാർ വിളിക്കിണ്ട് ട്ടാ .... 
ചെന്നു. ഭയ ഭക്തി ബഹുമാനത്തോടെ നിഷ്കളങ്ക മുഖഭാവം ഫിറ്റ്‌ ചെയ്തു നിന്നു.
മാനേജർ : ഇന്നലെ ശരിയ്ക്കും ദവെട്യാർന്നു ?
കോറസ് : ഇവടെ ണ്ടാർന്നൂലോ.
മാനേജർ : അയ്‌ ന്നട്ട് പത്തു പയിനഞ്ച്‌ പ്രാവശ്യം വിളിചൂലോ ... ന്തേ കേക്കാഞ്ഞേ......
JP : മിഷ്യൻ ഒടാവോണ്ടേ........ ശബ്ദം അങ്ങട് കേക്കില്ല്യ .അതാവും.
മാനേജർ : ശര്യാ ട്ടാ ... ഇവിടെ ഫോൺ അടിച്ചാൽ ശബ്ദം അവടെ വരെ കേക്കാൻ ബുദ്ധിമുട്ടാ ... ദൂരം കൊറേ ണ്ടല്ലോ ! 

ഞങ്ങൾ നിന്ന് വിയർത്തു. 
ഉടനെ എന്റെ നേരെ തിരിഞ്ഞു .
ഡാ നീ മൊട്ട കഴിയ്ക്കോ ?
ഞാൻ : ഏയ്‌ ഇല്ല്യ. 
അപ്പൊ നീ ഇന്നലെ ഇന്റർവെല്ലില് എന്തൂട്ടാ തിന്നണ കണ്ടേ? മുട്ടാമ്പ്ലെറ്റല്ലേ 
ഠിം . ...... എല്ലാം പോയി....എല്ലാ കള്ളത്തരവും പിടിക്കപ്പെട്ടിരിക്കുന്നു.

അതേ...... പോവുമ്പോ ഒന്ന് പറഞ്ഞട്ട് പോക്കൊളോ ..  നിങ്ങൾ രാത്രി വരണ വഴി വല്ലോരും തല്ലി കൊന്നു പാടതിട്ടാൽ ഞാനാ തൂങ്ങാ .... 
പൊക്കൊ .. പോയി പണി തീർക്ക് ...... നാട്ടിൽക്ക് പോണ്ടേ വൈന്നേരം .... 

ന്യൂ ജൻ ഭാഷയിൽ പറഞ്ഞാൽ .. ഞങ്ങൾ പ്ലിങ്കിതരായി തിരിച്ചു നടന്നു.


വാൽകഷ്ണം :- ഇപ്പോൾ ഈ സംഭവം ഓർക്കാനും കുത്തികുറിയ്ക്കാനും രണ്ടു കാരണങ്ങൾ ആണ് ഉണ്ടായത്.

1) JP കഴിഞ്ഞ വർഷം അബുദാബിയിൽ വെച്ച്  ഞങ്ങളെ എല്ലാം വിട്ടു പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഫുട്ബാൾ കളി കഴിഞ്ഞു വന്നു ചായ കുടിക്കാൻ ഇരുന്നതാ.... അവടെ കുഴഞ്ഞു വീണു മരിച്ചു.

2) സേതു ഏട്ടൻ അബുദാബിയിലെ ജോലി വിട്ടു നാട്ടിലേക്ക് തിരിച്ചു പോയി കൃഷിയും കാര്യങ്ങളും ഒക്കെ ആയി നടക്കാൻ തീരുമാനിച്ചു....  ഇന്നലെ പോയിക്കാണും .. നാട്ടിൽ  വന്നാൽ ഒരു ചളവറ (ഷോർണൂർ) യാത്ര ഉറപ്പായി 






Friday 17 October 2014

റിപ്പോർട്ട് കാർഡ്

കുറെ നാളുകൾക്ക് ശേഷം എഴുതാൻ ഒരു ശ്രമം .. തെറ്റുകൾ പൊറുക്കുമല്ലോ ... 



റിപ്പോർട്ട് കാർഡ് 



വെള്ളിയാഴ്ച രാവിലെ ഭാര്യേടെ ഫോണ്‍... ഭാര്യ സംഹാര രൂപിണി ആണ് .. 

ഭാര്യ : നിങ്ങൾ കണ്ടോ മനുഷ്യാ ....

ഞാൻ ഒരു നിമഷം പതറി .. പല പല അശുഭ ചിന്തകളും മനസ്സിലൂടെ മിന്നി മായ്ഞ്ഞു. പോലീസ് അന്വേഷണം, നോട്ടീസ്സ്... അറസ്റ്റ് ..... .. ഹോ ആലോചിക്കാൻ വയ്യ .. പണ്ട് ഒരു ഹർത്താൽ പ്രമാണിച് ഒരു ദിവസത്തെ ജയിൽ വാസം ഉണ്ടായിട്ടുടെങ്കിലും അതൊക്കെ കല്യാണത്തിന് മുൻപ് ആയിരുന്നു. ഒരു നിമിഷത്തേക്കെങ്കിലും ഞാൻ വാട്സാപ്പ് നെ ശപിച്ചു ..... 

ഞാൻ : അത് .... അത് ....
ഭാര്യ : നിങ്ങൾ എന്താ മനുഷ്യാ പൊട്ടൻ കളിക്കുന്നത് .. ഓ ഇന്നലത്തെ ആഘോഷത്തിന്റെ ബാക്കി ആയിരിക്കും അല്ലെ.... കുടിച് കൂത്താടി നടന്നോ .. 

പെട്ടന്ന് എനിക്ക് സ്ഥലകാല ബോധം വന്നു. പൂർവ സ്ഥിതി വീണ്ടെടുത് ഞാൻ 

നീ എന്താ പറയുന്നേ ...
ഭാര്യ : ഓ അത് ശരി അപ്പൊ ഇത് വരെ ബോധം ഇല്ലാതെയാ സംസാരിച്ചത് അല്ലെ.... 
ഞാൻ : അതല്ല .. ഉറക്കത്തിന്നു പെട്ടന്ന് ഫോണ്‍ വന്നു ചാടി എണീറ്റപ്പോൾ ആകെ ഒരു കമല ആയതാ .... 
ഭാര്യ : കമല ആയാലും ശാന്ത ആയാലും ... നിങ്ങൾ വല്ലതും അറിയുന്നുണ്ടോ .. ഞാൻ ഇവിടെ കെടന്നു പെടാപാട് പെടുന്നത് 
ഞാൻ : എടീ ഭാര്യേ നീ കാര്യം പറ.
ഭാര്യ: അപ്പൊ നിങ്ങൾ ഒന്നും കണ്ടില്ല അല്ലെ .. ( തലയിൽ വീണ്ടും ആദ്യത്തെ സീൻ സീക്വൻസ് റിപീറ്റ് )

ഞാൻ : നീ കാര്യം എന്താണെന്ന് വെച്ചാൽ പറയു. എന്നിട്ട് പോരെ സംഹാര താണ്ഡവം 
ഭാര്യ : മഹന്റെ റിപ്പോർട്ട് കാർഡ്‌ കിട്ടീട്ടുണ്ട് .... (ഹാവു ....... അത്രേ ഉള്ളു )
ഞാൻ : അതിനെന്താ ...
ഭാര്യ : അതിനെന്താ ന്നോ? എന്താ അവസ്ഥ എന്നറിയോ .....
ഞാൻ : എന്തായാലെന്താ .. അവൻ രണ്ടാം ക്ലാസ്സിൽ അല്ലെ ആയിട്ടുള്ളൂ ..
ഭാര്യ : നിങ്ങൾക്ക് എല്ലാം കുട്ടികളി .... ഇവിടെ എനിക്ക് നാണം കെട്ടു സ്കൂളിൽ പോവാൻ വയ്യ.
ഞാൻ : റിപ്പോർട്ട് കാർഡ്‌ എന്ന് പറഞ്ഞാൽ സ്വഭാവ സര്ട്ടിഫികറ്റ് ഒന്നും അല്ലാലോ ... പരീക്ഷ എഴുതി അതിന്റെ അടിസ്ഥാനത്തിൽ തെയ്യാറാക്കുന്ന കാർഡ്‌ അല്ലെ (ഞാനൊക്കെ പഠിക്കുമ്പോ അങ്ങനെ ആയിരുന്നു .... പക്ഷെ ഒരിക്കലും എൻറെ മാതാപിതാക്കൾ അത് കാണാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു .. ഇപ്പഴത്തെ കുട്ടികൾ ഒക്കെ പാവങ്ങളാ ) 
ഞാൻ : എന്നിട്ട് 
ഭാര്യ : മകൻ ക്ലാസ്സിൽ 3ർഡ്‌  !! ... ഇങ്ങനെ പോയാൽ മതിയോ?
ഞാൻ : ആദ്യത്തേതിൽ നിന്ന് തന്നെ അല്ലെ ....... 
ഭാര്യ : ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ... അപ്പു മിടുക്കൻ ആണ് . അവൻറെ അച്ഛൻ ബഹു കേമൻ ആണ് . എന്നും വയ്കുന്നേരം അച്ഛൻ സ്കൈപ്പിൽ വന്നു അപ്പുനെ പഠിപ്പിക്കും എന്നൊക്കെ ഞാൻ തട്ടി വിട്ടിരുന്നു!! .
ഞാൻ : അത് ശരി .. അപ്പൊ അപ്പുവിനല്ല കുഴപ്പം .. അമ്മക്കാ .. നീ എന്തിനാ വെറുതെ ഇല്ല്യാതതൊക്കെ പറഞ്ഞു നടക്കുന്നെ? 
ഭാര്യ : അത് ... അത് ക്ലാസ്സിൽ അച്ഛന്മാർ അന്യ ദേശത്തു ജോലി നോക്കുന്ന   മിക്കവാറും കുട്ടികളെ  അച്ഛന്മാർ ഓണ്‍ലൈൻ വന്നു പഠിപ്പിക്കാറുണ്ട് .
ഞാൻ : അതിനു?
ഭാര്യ : അല്ലാ .. അപ്പൊ ഞാനും വെറുതെ .. ( ഭാര്യ ഡിഫൻസ് കളിയ്ക്കാൻ തുടങ്ങി )
ഞാൻ : നീയാണ് ഇതിനൊക്കെ കാരണം . കുട്ടികളെ പറ്റാത്ത കാര്യങ്ങൾ ചെയ്യിക്കരുത് ( "attack is the best defense"എന്ന കാര്യം ഭാര്യക്ക് അറിയില്ല്യായിരിക്കാം പാവം )
ഭാര്യ : ന്നാലും .... ക്ലാസ്സിൽ 3rd എന്ന് പറയുമ്പോ ..... 
ഞാൻ : നീ എല്ലാ ക്ലാസ്സിലും ഫസ്റ്റ് ആയി ആണോ ഇവിടെ എത്തിയത് ?
ഭാര്യ : ഞാൻ ... ഞാൻ .... ( ആൾകൂട്ടത്തിൽ തനിയെ ലെ പപ്പു ൻറെ കളി )
ഞാൻ : ങ്ങാ ... ഇതാ പറയണേ .......  അയാളെ വെറുതെ വിടു. മേൽനോട്ടം മാത്രമേ വേണ്ടു. തല്ലി പഠിപിച്ചാൽ ഒന്നും കുട്ടികൾ നേരെ ആവില്ല്യ ( ആവുമായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇന്ത്യൻ പ്രസിഡണ്ട്‌ ആയേനെ!! )
ഭാര്യ : നിങ്ങൾക്ക് അങ്ങനെ ഒക്കെ പറയാം. അവടെ ഇരുന്നാൽ മതിയല്ലോ ..
ഞാൻ : ആട്ടെ നീ അപ്പു നെ വിളിക്ക് ..ഞാൻ ഒന്ന് ഉപദേശിക്കാം ...
ഭാര്യ : ഉപദേശം ഒക്കെ കൊള്ളാം .. ഇനി ഉപദേശം കാരണം അടുത്തതിനു 6 ആം സ്ഥാനത് ആവരുത് പറഞ്ഞേക്കാം ........  

അപ്പൂ .....  അപ്പൂ  ..  ദേ അച്ഛൻ വിളിക്കുന്നു ........

അപ്പു : അച്ഛാ ....
ഞാൻ: അപ്പുച്ചീ .... ച്ചുഗല്ലേ .....
അപ്പു : സുഗാ അച്ഛാ .... എന്തോക്യാ വിശേഷം .....
ഞാൻ : അഹ ( അവനു ആൾക്കാരോട് പെരുമാറാൻ അറിയാം ) എന്താ ഈ അമ്മ പറയണേ ... അപ്പു നു മാർക്ക് കൊറഞൊ ?

അപ്പു : എയ്യ് ഇല്ല്യ അച്ഛാ .. കണക്കിൽ ഫുൾ ഉണ്ട് .... EVS  (അത് എന്താണെന്നു എനിക്ക് മനസ്സിലായില്ല ) ഒരു മാർക്ക് പോയി. IT  ( രണ്ടാം ക്ലാസ്സിൽ IT  !!! ഞാൻ അന്ധാളിച്ചു ) ഫുൾ ഉണ്ട്. ഇങ്ങ്ലീഷ്‌ മാത്രേ 4 മാർക്ക് പോയിട്ടുള്ളൂ. 

ഞാൻ : അത് സാരല്ല്യ .. അടുത്ത പ്രാവശ്യം ഫുൾ വാങ്ങാം ട്ടോ. അപ്പു വിഷമിക്കണ്ട ...

അപ്പു : ഏയ്‌ എനിക്ക് വിഷമം ഒനും ഇല്ല്യാ അച്ഛാ .... അമ്മയ്ക്ക്യാ വിഷമം ..... 
ഞാൻ : സാരല്ല്യ ട്ടോ ... 
അപ്പു : പിന്നെ അച്ഛാ 3rd ഉള്ളു എന്ന് പറഞ്ഞു വിഷമിക്കൊന്നും വേണ്ടാ .... 1st ഉം 2nd ഉം ഗേൾസ്‌ ആണ് അച്ഛാ ..( അവൻറെ മുഖഭാവം വ്യക്തം )..  ബോയ്സ് ഇൽ ഞാനാ ഫസ്റ്റ് !!..... 

 രണ്ടാം ക്ലാസ്സിൽ പഠിക്കണ കുട്ടിയുടെ മനോനില ഓർത്ത് അത്ഭുതപെട്ടു !!..... ( ഒന്നും രണ്ടും ഗേൾസ്‌ അല്ലെ .. അവർ കൊണ്ടോയിക്കോട്ടേ .. എന്നോ  who cares about girls എന്നോ ,..... )എനിക്ക് ശരിക്ക് മനസ്സിലാക്കാൻ പറ്റിയില്ല ........ 

ഫോണ്‍ കട്ടാക്കി നടക്കുമ്പോൾ എൻറെ മനസ്സിൽ കുഞ്ഞുണ്ണി മാഷടെ വരികൾ .... 

ജനിക്കും നിമിഷം തൊട്ടെൻ മകൻ ഇങ്ഗ്ളീഷ് പഠിക്കണം 
അതിനാൽ ഭാര്യ തൻ പേറു  അങ്ങ് ഇന്ഗ്ലണ്ടിൽ തന്നെ ആക്കി ഞാൻ ........ 

Sunday 27 January 2013

വെക്കേഷന്‍ കാഴ്ചകള്‍ - മൂന്ന്

വെക്കേഷന്‍ കാഴ്ചകള്‍ - മൂന്ന്


ട്രെയിന്‍ യാത്ര :-

ക്രിസ്ത്മസ്  ദിനത്തില്‍ ആണ് ചേര്‍ത്തല യാത്ര തീരുമാനിച്ചത് എന്ന് ടിക്കറ്റ്‌ എടുത്തു കഴിഞ്ഞാണ് ഓര്‍ത്തത്‌...........!. രാവിലെ ഒമ്പത് മണിയുടെ കുര്‍ള പിടിക്കാന്‍ വേണ്ടി 8.15 ആയപ്പോഴേക്കും സ്റ്റേഷന്‍ എത്തി. ഭാര്യയുടെ "ചൊറിച്ചില്‍"" അതി കഠിനം ആയിരുന്നു.!! ഇത്ര നേരത്തെ അവിടെ പോയി നിന്നിട്ട് എന്ത് ചെയാന... ഇത്ര പരിഭ്രമം പാടില്ല.. തുടങ്ങി അനവധി പരാതികള്‍ ഒന്നും മിണ്ടിയില്ല. സ്റ്റേഷനില്‍ എത്തിയപ്പോ എന്തുകൊണ്ടാണ് നേരത്തെ എത്താന്‍ തീരുമാനിച്ചത് എന്ന് ഭാര്യക്ക് ബോധ്യം വന്നു. വളരെ കഷ്ടപെട്ടാണ് പ്ലാട്ഫോമില്‍ എത്തി പെട്ടത്. ഭാഗ്യത്തിന് ട്രെയിന്‍ കൃത്യ സമയം പാലിക്കുന്നതായി "യാത്രികോം കൃപയാ ധ്യാനത്തില്‍" ഇരിക്കണം" എന്ന് അനൗന്‌സ്മെന്റ് വന്നു!. മുന്‍കൂട്ടി സ്ലീപര്‍ ടിക്കറ്റ്‌ എടുത്തതുകൊണ്ട് ഏതെങ്കിലും റിസര്‍വേഷന്‍ കംബാര്‌ട്ടുമെന്റില്‌ കയറി പറ്റാം . ഒറ്റക്കാണെങ്കില്‍ എങ്ങനെയെങ്കിലും തൂങ്ങി പിടിച്ചു, ഡോറില്‍ ഇരുന്നു യാത്ര ചെയാം. കുഞ്ഞു-കുട്ടി പരാധീനതകള്‍ ആയാല്‍ പിന്നെ അതൊന്നും നടക്കില്ല.

"ധ്യാനന്‍" പറഞ്ഞത് പ്രകാരം കൃത്യ സമയത്ത് തന്നെ വണ്ടി വന്നു. ആളുകള്‍ പരക്കം പാഞ്ഞു തുടങ്ങി. അതുവരെ എന്റെ പരിഭ്രമത്തെ കളിയാക്കികൊണ്ടിരുന്ന ഭൈമി മുന്‍പെങ്ങും കാണാത്ത  വിധം പരിഭ്രമിക്കാന്‍ തുടങ്ങി!. അപ്പു ആണെങ്കില്‍ ട്രെയിന്‍ കണ്ടപ്പോള്‍ തുള്ളി ചാടുന്നു. ഒരു വിധത്തില്‍ ആളുകള്‍ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടി കഴിഞ്ഞു. ഞങ്ങളും പെട്ടി എടുത്തു ഓട്ടം തുടങ്ങി!!.... പ്രതീക്ഷിച്ചത് പോലെ തന്നെ മിക്കവാറും എല്ലാ ബോഗിയും ഫുള്‍ ആണ്!.. അങ്ങനെ തപ്പി നടന്നു ഭാഗ്യത്തിന് വലിയ തിരക്കില്ലാത്ത ഒരു സ്ഥലം കണ്ടെത്തി. ചാടി കയറി ഭാര്യയും, അപ്പുവും ഒഴിഞ്ഞു കിടക്കുന്ന ഒരു സിംഗിള്‍ ബെര്‍ത്ത്‌ കയ്യടക്കി!!.. ഞാന്‍ മനസ്സില്‍ വിചാരിച്ചു. കൊള്ളാമല്ലോ കാര്യം നൂറു പൊട്ടത്തരം ഉണ്ടെങ്കിലും എന്റെ ഭാര്യ ഒരു യുദ്ധം ജെയിച്ച പ്രതീതി ആയിരുന്നു എനിക്ക്.... പെട്ടി ഒക്കെ മുകളില്‍ വെച്ചു, ഭാര്യയും അപ്പുവും കൂടി ബെര്തിന്റെ ഒരു മൂലയില്‍ ഇരുന്നു. കുറച്ച അഹങ്കാരത്തോടെ മറ്റേ അറ്റത് ഞാനും!.... വണ്ടി ഇളകി കഴിഞ്ഞു!! ഹാവു !! സമാധാനമായി.... പക്ഷെ ആ സമാധാനം ഏതാണ്ട് കല്ലായി എത്തുന്ന വരെയേ ഉണ്ടായുള്ളൂ... ഒരു മധ്യവയസ്കന്‍ മുഖവും തുടച്ചു, തോര്‍ത്തും പെയിസ്റ്റും കയ്യില്‍ പിടിച്ചു ഞങ്ങളുടെ മുന്‍പില്‍ ചിരിച്ചു നില്കുന്നു!... എനിക്ക് പറ്റിയ അബദ്ധം മനസ്സിലായി. ഞാന്‍ ചാടി എഴുനേറ്റു പക്ഷെ - ഇവിടെയാണ്‌ കുഞ്ഞു-കുട്ടി പരാധീനതകളുടെ ഗുണം ഞാന്‍ മനസ്സിലാക്കിയത്‌!.. നേരം 9.30 ആയതിനാലും അപ്പുറത്തെ ബെര്തുകളില്‍ മിക്കവാറും എല്ലാവരും എഴുനേറ്റു കഴിഞ്ഞതിനാലും, ഞങ്ങള്‍ക്ക് അവിടെ കുടില്‍ കെട്ടി പാര്‍ക്കാന്‍ സമ്മതം തന്നു അദ്ദേഹം അപ്പുറത്ത് മാറി ഇരുന്നു.
വളരെ കുറച്ചു സമയം കൊണ്ട് അപ്പു അപ്പുറത് ഇരുന്നവരെ കയ്യിലെടുതിരിക്കുന്നു... ഇവന്‍ എന്റെ മകന്‍ തന്നെ. കാഴ്ചകള്‍ കാണുകയും ഇടക്ക് ഓരോ സംശയങ്ങള്‍ക്ക് എന്നാലാവും വിധം മറുപടി കൊടുക്കുകയും തുടര്‍ന്നുകൊണ്ടിരുന്നു!.....കുറ്റിപുറം കഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച, "ഇന്ത്യയെ കണ്ടെത്താന്‍ ഗ്രാമങ്ങളില്കൂടി യാത്ര ചെയ്യണം" എന്നാ ഗാന്ധി വചനം ഞാന്‍ ശേരികും മനസ വരിച്ചു!! വണ്ടി ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ഒരു വഴിപാടു എന്നാ നിലക്ക് വടയും ദോശയും വാങ്ങി കഴിച്ചു. (കോഴിക്കോട്ടു നിന്ന് യാത്ര തുടങ്ങിയപ്പോ ഭാര്യയുടെ ആവശ്യം ഷോര്‍ണൂര്‍ നിന്നും "പാള പ്ലേറ്റില്‍" കിട്ടുന്ന ദോശയും വടയും വാങ്ങി തരണം എന്നതായിരുന്നു!... )

വണ്ടി ഷോര്‍ണൂര്‍ സ്റ്റേഷന്‍ വിട്ടു പതുക്കെ നീങ്ങി തുടങ്ങി. ഭാരതപുഴയുടെ കുറുകെ ഉള്ള പഴയ കൊച്ചി പാലത്തില്‍ കയറിയപ്പോള്‍ ആണ് ട്രെയിനില്‍ ആകെ കൂട്ടച്ചിരി പരത്തിയ  ആ മഹാ സംഭവം നടന്നത്!!
എന്തോ അത്ഭുതം കണ്ട മാതിരിയായിരുന്നു അപ്പു അത് പറഞ്ഞത്.

അപ്പു : അച്ഛാ.... ദാ  നോക്കു  മരുഭൂമിയില്‍ വെള്ളം കെട്ടി കിടക്കുന്നു!!.....  ട്രെയിനില്‍ എല്ലാവരും കൂട്ടച്ചിരി... ഞാനും ഭാര്യയും ആകെ വിളറി പോയി!. 
ഞാന്‍ : അപ്പു അത് മരുഭൂമിയല്ല അതാണ്‌ ഭാരതപുഴ!!.... കേരളത്തിലെ ഏറ്റവും വലിയ പുഴയാണ്. 
അപ്പു : എന്നെ പറ്റിക്കാന്‍  നോക്കണ്ട അച്ഛാ... പുഴ ഒഴുകും എന്നാണല്ലോ സ്കൂളില്‍ ടീച്ചര്‍ പടിപിച്ചു തന്നത്!!... 
എനിക്ക് ഉത്തരമില്ലായിരുന്നു...
അത് ഭാരതപുഴ ആണെന്നും, വേനല്‍ കാരണം വറ്റി വരണ്ടു കിടക്കുന്നതനെന്നും പറഞ്ഞു മനസ്സിലാക്കാന്‍ നോക്കി. നോ രക്ഷ..... അവസാനം ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന മധ്യവയസ്കന്‍ എന്റെ പരിതാപ അവസ്ഥ കണ്ടു രക്ഷക്കെത്തി. ആര്‍ത്തു ചിരിച്ചവരോട് അദ്ദേഹം പറഞ്ഞു 

കുട്ടിയെ കുറ്റം പറയാന്‍ പറ്റില്ല.... കുട്ടി പുസ്തകത്തില്‍ കാണുന്ന മരുഭൂമി പോലെയാണ് ഇന്നത്തെ ഭാരതപുഴ... യഥാര്‍ത്ഥത്തില്‍ ഇത് നമ്മുടെ ഒക്കെ കണ്ണ് തുറപ്പിക്കണം .......

പിന്നെ ആലുവ എത്തി പെരിയാര്‍ കാണിച്ചു കൊടുക്കുന്ന വരെ അപ്പു 'മരുഭൂമിയില്‍" "' വെള്ളം കണ്ടതിനെ  പറ്റി ഇടക്കിടക്ക് ചോദിച്ചുകൊണ്ടിരുന്നു..... 

Sunday 13 January 2013

വെക്കേഷന്‍ കാഴ്ചകള്‍

വെക്കേഷന്‍ കാഴ്ചകള്‍ 

 
ഒന്ന് -
 
സമയം രാവിലെ 10 മണി. ചാത്തമംഗലം - കോഴിക്കോട് ബസ്‌.
അവിടെ ടിക്കറ്റ്‌, ടിക്കറ്റ്‌, ഷാപ്പിന്നു  കേറിയവര്‍ ടിക്കറ്റ്‌ പറഞ്ഞുടി........
 
ചെത്തുകടവ് എത്തിയപ്പോള്‍ ഒരു പുരുഷാരം കേറി!!.....
 
കണ്ടക്ടര്‍ : കടവ് ന്നു കേറിയവര്‍ ടിക്കറ്റ്‌.....
 
"പാനജ്  കൊസിക്കോട്" .... കേട്ടപോ മനസ്സിലായി അമീ ബോങ്കാളി ഛെ... :)
കണ്ട്ക്ടര്‍: സാട് റുപിയ...
ഞാന്‍ ഞെട്ടി പോയി!!...  ഏതോ മേട്രോപോളിടന്‍ നഗരത്തില്‍ ചെന്ന പ്രതീതി!!..
 
ബസ്‌ കുന്നമംഗലം എത്തിയപ്പോ "കിളി"യുടെ പ്രകടനം...
ദോ ആത്മി പീച്ചേ ജാവോ ....
ബാഗ്‌ സബ് സീറ്റ് കെ നീച്ചേ രഖോ!!.........
 
ഉറപ്പിച്ചു.. ശെരിക്കും എന്റെ നാട് ഒരു മേട്രോപോളിടന്‍ നഗരം ആയിരിക്കുന്നു!....
 
രണ്ട് -
 
പാളയം ബസ്റ്റ് സ്റ്റാന്‍ഡില്‍ ബസ്‌ ഇറങ്ങി കാണാന്‍ വിചാരിച്ചിരുന്ന മൂന്നു പേരെ വിളിച്ചു നോക്കി.. വര്ഷം അവസാനം ആയതു കാരണം എല്ലാവരും തിരക്കില്‍. രണ്ടു ദിവസത്തേക്ക് നോ രക്ഷ!! .... ഉച്ചയൂണിനു കാണില്ല എന്ന് വീട്ടില്‍ പറഞ്ഞു പോയി.. വൈകീട്ട് 6 മണി വരെ സമയവും ഉണ്ട് എന്നാല്‍ "അളകാപുരിയില്‍" കയറി ഇരിക്കാം എന്ന് കരുതി...
 
സമയം കാലത്ത് 11.30.
 
അളകാപുരി .  12 മണി ആയപ്പോളേക്കും ഏതാണ്ട് നിറഞ്ഞു !!.... മിക്കവാറും ടേബിള്‍ ആളുകള്‍ ലാപ്ടോപ് വെച്ച് "വര്‍ക്കിംഗ്‌ ഫ്രം ഹോം" ആണെന്ന് തോനുന്നു... ഒരു ഒഴിഞ്ഞ മൂലയില്‍ നജ്ന്‍ പോയി സ്ഥലം പിടിച്ചു ഒരു വിഹഗ വീക്ഷണം നടത്തി!.. എല്ലാം "സ്ഥിരക്കാര്‍" ആണെന്ന് അവരുടെ വര്‍ത്തമാനവും ബോഡി ലങ്ഗ്വാജും കണ്ടപ്പോള്‍ മനസ്സിലായി.
 
രണ്ടു പേര്‍ വന്നു എന്റെ അടുത്ത ടാബെളില്‍ ഇരുന്നു ഒരാള്‍ മധ്യവയസ്കനും മറ്റേതു ഒരു ചെരുപ്പകാരനും ...
മധ്യവയസ്കന്‍: നീ നിന്റെ ഏരിയ നല്ലവണ്ണം ശ്രെധിക്കണം . നിന്നെചാടിക്കാന്‍ ഉള്ള കളികള്‍ ഒക്കെ സ്റ്റേറ്റ് ലെവല്‍ നടക്കുനുണ്ട് 
 
ചെറു: ഞാന്‍ ഇപോ എന്‍ട് ചെയനാ. എന്റെ മാക്സിമം ഞാന്‍ ട്രൈ ചെയുനുണ്ട്‌ ..
 
മധ്യ: എന്നാലും അടുത്ത എലെച്റ്റിഒന്‌ ആവുമ്പോഴേക്കും ഒക്കെ കലങ്ങി മറിയും നോക്കിക്കോ നിന്നെ കണ്ണൂര്‍ റീജിയന്‍ ഏല്പിക്കാന്‍ ഒരു ശ്രേമം നടക്കുനുണ്ട്! അതിന്റെ ഇടക്ക് ഓരോ പാരകള്‍ ഉണ്ട്.
.
ചെറു : എന്തായാലും ത്രിശൂര്‍ റീജിയന്‍ വല്യ കുഴപ്പം ഇല്ലാതെ പോവുനുണ്ട് സാറേ ....(ഇടക്ക് "സാധനം" ഓര്‍ഡര്‍ ചെയ്യലും ഗ്ലാസ്‌ കാലി ആാക്കലും, വീണ്ടും നിറയുകയും ഒക്കെ നടക്കുനുണ്ട് !!....)
 
ഇര്ര്‍ന്നിം...... ഇര്ര്‍ന്നിം...... മധ്യവയസ്കന്റെ ഫോണ്‍ ശബ്ദിച്ചു.....
 
മധ്യ: ഹലോ... ഹലോ... ആ സാറെ ഞാന്‍ അങ്ങോട്ട വിളിക്കാന്‍ നിക്കുകയായിരുന്നു...ഒരു പ്രശ്നത്തില്‍ കുടുങ്ങി ഇരിക്കുകയാണ് ഞാന്‍.
 
ഉം..... ഉം...... മൂളല്‍ 
 
മധ്യ: അതെ സാറേ. അറിയാം പക്ഷെ ഇന്ന് മീറ്റിംഗ് പങ്കെടുക്കാന്‍ എനിക്ക് പറ്റില്ല ഞാന്‍ ഇവിടെ ഒരു മരണവുമായി ബന്ധപെട്ടു ചുറ്റി തിരിയുകയാണ്. വളരെ വേണ്ടപെട്ട ഒരാള്‍....
 
ഉം..... ഉം...... മൂളല്‍
 
അറിയാം സാര്‍. പക്ഷെ ഒരു രക്ഷയും ഇല്ല... ബോഡി കണ്ണൂരില്‍ നിന്നും വരുന്നതെ ഉള്ളു. ഒരു അക്സിടന്റ്റ് കേസ് ആണ്... സൊ ഇന്നത്തെ മീറ്റിംഗില്‍ എടുക്കുന്ന തീരുമാനം ഒക്കെ ഞാന്‍ സപ്പോര്‍ട്ട് ചെയുന്നതായി സാര്‍ മിനുട്സ് രേഖപ്പെടുതിക്കോ ......
ഞാന്‍ ഇപ്പൊ മെഡിക്കല്‍ കോളേജില്‍ മരിച്ച ആളുടെ ബന്ധുക്കളുടെ കൂടെ ആണ്.... ഓക്കേ സാര്‍. താങ്ക്യൗ........
 
ഫോണ്‍  കട്ട്‌ ആക്കി, മേശപുറത്തേക്ക് ഒരു ഏറു വെച്ച കൊടുത്തു!!... എന്നിട്ട് ഒരു ആത്മഗതം.... അവന്റെ _________ലെ മീറ്റിംഗ്!!........
 
ഹോ!! ഞെട്ടി പോയി..... ഞാന്‍ മാത്രമല്ല. അവിടെ ഇരുന്ന അധികം പേരും കൌതുകത്തോടെ ആ മാന്യ ദേഹത്തെ നോക്കി!.....
ഞാന്‍ ബില്ല് സെറ്റില്‍ ചെയ്തു ഇറങ്ങി!......
 

Wednesday 7 November 2012

ഓം നമ:ശിവായ :



സാങ്കേതിക കാരണങ്ങളാല്‍ ഒരു ഇടവേള ആവശ്യമായിരുന്നു. വീണ്ടും തുടങ്ങുന്നു.

പണ്ട് പണ്ട് എന്ന് പറഞ്ഞു  ബോര്‍ അടിപികുനില്ല. ഈ സംഭവം നടന്നത് ഏതാണ്ട് ഒരു 17 വര്ഷം മുന്‍പാണ്!. പഠിത്തം ഒക്കെ കഴിഞ്ഞു (സര്‍വ്വജ്ഞ പീഠം കേറാന്‍ കാത്തു നിക്കുന്നു എന്ന് മുത്തശ്ശിയുടെ ഭാഷ്യം)ഇനിയെന്ത് എന്ന് ആലോചിച് ഉണ്ട് ഉറങ്ങി കഴിയുന്ന സമയം. സാധാരണ ഡിസംബര്‍ മാസം ഒരു ആഘോഷമായിരുന്നു!.. മണ്ഡല കാലം, ക്രിസ്തുമസ്, ന്യൂ ഇയര്‍ ... അങ്ങനെ അങ്ങനെ..... കൂടാതെ കൂറ്റെന്‍ ന്ജേരി  ചന്ത, വെള്ളിമാടുകുന്നു അമ്രുതാനന്തമയി  മഠം വാര്‍ഷികം ..... തിരുവാതിര, ഇങ്ങനെ പോകുന്നു സംഭവബഹുലമായ ഡിസംബര്‍!!.... 
ചെമ്പോത്ത് പ്രമോദ്  ആണ് ആ ആശയം മുന്നോട്ട് വെച്ചത്. ഒരു ദിവസം ഉച്ചക്ക് ഇറങ്ങാം ലീല തിയേറ്റര്‍ ആയിരുന്നു ആദ്യ ലക്‌ഷ്യം മാറ്റിനീ  കഴിഞ്ഞു നേരെ എതിര്‍ ഭാഗത്ത് അമൃതാനന്ദമയി വാര്‍ഷികം. അവിടെ കുറച്ച തിരിഞ്ഞു കളിച് നേരെ കൂറ്റന്‍ചേരി ...... ഇതായിരുന്നു പ്ലാന്‍ ഓഫ് ഒപെരഷന്‍.  പ്രധാന ആകര്‍ഷണം കൂറ്റന്‍ ചേരി ചന്തയിലെ രാത്രി ഗാനമേള ആയിരുന്നു!. ഇരിങ്ങാടന്പള്ളി മുതല്‍ വെള്ളിമാടുകുന്ന് വരെ ഏതാണ്ട് 3 1/2 കിലോമീറ്റര്‍ ആഘോഷമായി നടന്നു നീങ്ങി!!.. കൊക്കിന്റെ പീടികയില്‍ നിന്ന് കടല മിട്ടായിയും "കയ്" ബാലന്‍ നായരുടെ കടയില്‍ നിന്നും വില്ല്സും വാങ്ങി വിലസി ആണ് പോക്ക് പോകുന്ന പോക്കില്‍ തന്നെ തിരിച്ചു വരുമ്പോള്‍ കാട്ടി കൂട്ടേണ്ട കുണ്ടാമിണ്ടികളെ പറ്റി  ഒരു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു. പട്രോണി നഗര്‍ എത്തിയാല്‍ എല്ലാവരും കൂടി ഉറക്കെ കൂവണം!,   കുളക്കോഴി ഗോപാലന്‍ കുട്ടിയുടെ വീട്ടിലെ നെയിം ബോര്‍ഡ് എടുത്ത് പൂശാരി കുട്ടായിയുടെ വീടിന്റെ ഗേറ്റില്‍ തൂക്കണം !!... അങ്ങനെ അങ്ങനെ ഓരോ പദ്ധതികള്‍ ആസൂത്രണം ചെയ്തു ലീല തിയേറ്റര്‍ എത്തിയത് അറിഞ്ഞതെ ഇല്ല . തച്ചോളി വര്‍ഗീസ്‌ ചേകവര്‍ ആയിരുന്നു സിനിമ ... ഉണ്ണികുട്ടന്‍ ആയിരുന്നു സംഘത്തിന്റെ സെക്കന്റ്‌ ഓഫീസര്‍!!.... കക്ഷി ഒരു പുലി ആണ് കേട്ടോ..... (രണ്ടു കൂട്ടുകാരെയും കൂട്ടി ചാമുന്ടെശ്വരി ലോഡ്ജില്‍ മുറി എടുത്ത്  ഇരുന്നു രണ്ടു ദിവസം തുടര്‍ച്ചയായി വെള്ളം അടിക്കുകയും റിലീസ്  സിനിമ കാണാന്‍ കോഴിക്കോട്ടു ടിക്കറ്റ്‌ കിട്ടാതെ വന്നപ്പോള്‍ നേരെ വടകര വരെ പോയി റിലീസ് ദിവസം തന്നെ സിനിമ കാണുകയും ചെയുന്ന കക്ഷി ആണ്!!.) മാറ്റിനി കഴിഞ്ഞപ്പോള്‍ സമയം 5.30. പുറത്തിറങ്ങി ഓരോ ചായ കുടിക്കാം എന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ പയ്യമ്പള്ളി ആണ് അതിനെ എതിര്‍ത്തത്. "ഭജനക്ക് പോവുമ്പോ എന്തെര്ത്തിനാണ്ട  ഇമ്മളെ പെയിസ  കൊടുത്ത് ചായ കുടിക്കുന്നത്!!" - ഇങ്ങനെ ആയിരുന്നു ആക്രോശം.. പിന്നെ സമയം കളയാതെ നേരെ വെച്ച് പിടിച്ചു അമൃതാനന്ദ മയി മഠം ലക്ഷ്യമാക്കി .. പോകുന്ന വഴി വെള്ളിമാടുകുന്നു പോലീസ് സ്റ്റേഷന്‍ എത്തിയപ്പോള്‍ പിന്നില്‍ ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം.. ഉടനെ നമ്പോലന്‍ പറഞ്ഞു ഇതാണ് പോലീസുകാരുടെ പീഠന  മുറി!!... പ്രതികളെ കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടി പോലീസുകാര്‍ നടത്തുന്ന വിദ്യകളെ പറ്റി  കുറച്ചൊക്കെ കേട്ടിടുണ്ടായിരുന്നു!.. "ഗരുഡന്‍ തൂക്കം", "കൊറ്റി നൃത്തം", "കസേര മടക്കി"  തുടങ്ങിയ വിദ്യകളെ പറ്റി  നമ്പോലന്‍ ഒരു സ്റ്റഡി  ക്ലാസ്സ്‌ തന്നെ തന്നു ...
മെയിന്‍ റോഡില്‍ നിന്നും സൈഡ് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ മുതല്‍ ശുഭ്ര വസ്ത്ര ധാരകാരായ "മാലഖന്മാരും, മാലഖികളും " നടന്നു നീങ്ങുന്നത് കണ്ടു തുടങ്ങിയിരുന്നു.. വഴിയുടെ ഇരു വശവും തിങ്ങി ഇറഞ്ഞ പാതയോര കച്ചവടക്കാരെയും "ക്കാരികളെയും" നോക്കിയും ചില മാലഖി കുട്ടികളെ ഇടം കണ്ണിട്ടു നോക്കിയും ബ്ര്‍ഹ്മസ്ഥാനം എത്തിയത് അറിഞ്ഞില്ല. ചെരിപ്പെല്ലാം അഴിച് ഒരു കല്ലിന്റെ ഇടയില്‍ ഭദ്രമായി നിക്ഷേപിച് ഞങ്ങള്‍ അകത്തേക്ക് കടന്നു. അപ്പൊള്‍  അതാ അവിടെ കാവി വേഷധാരികളായ രണ്ടു സ്വാമിമാര്‍!!  കയി കൂപ്പി സുസ്മേര വദനന്മാരായി........എല്ലാം അറിയുന്നവനെ പോല്ലേ അപ്പോളേക്കും ഉണ്ണികുട്ടന്‍ ചാടി ഞങ്ങളുടെ മുന്നില്‍ എത്തി കഴിഞ്ഞിരുന്നു!.

സ്വാമി : (കയി കൂപ്പികൊണ്ട് )  - ഓം നമ: ശിവായ:!!........
ഉണ്ണി :     (മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക്  ) - ജയ് ഹനുമാന്‍!........

സ്വാമിമാര്‍ ആകെ സ്തംഭിച്ചു നിന്നു !!...... നോക്കി നിന്ന ഒരു മാലഖന്‍ ഞങ്ങളുടെ നേരെ ആക്രോശിച്ചു പാഞ്ഞു വന്നു!... പിന്നെ ഒന്നും നോക്കിയില്ല.. തോമസ് കുട്ടിയെ മനസ്സില്‍ ധ്യാനിച് എല്ലാവരും കൂടെ ഒറ്റ ഓട്ടം.. ആ ഓട്ടം നിന്നത് ഏതാണ്ട് JDT  സ്കൂള്‍ എത്തിയിട്ടാണ്!....
പുറകെ ആരും ഓടി വരുന്നില്ല എന്ന് ഉറപ്പു വരുത്തി ഞങ്ങള്‍ നിന്നു .. കിതപ്പും കുഴചിലും മാറുനില്ല ..  അവരുടെ കയ്യില്‍ എങ്ങാനും കിട്ടിയാല്‍... ..... സത്നം  സിംഗിന്റെ ഗെതി ആയേനെ ഞങ്ങള്‍ക്കും!!.... നിന്ന പാടെ ഉണ്ണികുട്ടനെ ഇലക്ട്രിക്‌ പോസ്റ്റ്‌ ചേര്‍ത് നിര്‍ത്തി ഒറ്റ പൊട്ടിക്കല്‍ ആയിരുന്നു നമ്പോലന്‍!!....

നമ്പോലന്‍ : "ഡാഷിലെ ഡാഷ് മോനെ..... ഒരാളെയെങ്കിലും കിട്ടിയിരുനെന്ന്കില്‍ നമ്മള്‍ ആരും നടന്നു വീട്ടില്‍ പോകില്ലായിരുന്നു. നീ എന്താ ഞങ്ങളെ കൊല്ലാന്‍ കൊണ്ടുവന്നതാണോ"

ഉണ്ണി : ഞാന്‍ പ്പോ ന്ത ക്കാട്യേത്

നാമ്പോ: സ്വാമിമാര്‍ നമ്മളെ സ്വീകരിച്ചപ്പോ നീ എന്തിനാ കളി ആക്കിയത് ?
ഉണ്ണി : സ്വീകരിച്ചോ!! എപ്പോ!!.....

പിന്നെയും നമ്പോലന്‍ നാവില്‍ സരസ്വതി വിളയാടി തുടങ്ങി...

ഉണ്ണി നിസ്സങ്കതയോടെ പറഞ്ഞു.....

"അവര്‍ ഒരു സീരിയല്ന്റെ പേര് പറഞ്ഞു. ഞാന്‍ വേറെ ഒരു സീരിയല്ന്റെ പേര് പറഞ്ഞു!!... ആതില്‍ ഇപ്പൊ എന്താ തെറ്റ്!!......."

ആരും ഒന്നും മിണ്ടിയില്ല.. പരസ്പരം നോക്കി നിന്ന് ....... പിന്നീട് ഒരിക്കലും ബ്രഹമസ്ഥാന മഹോത്സവം ഞങ്ങളുടെ അജണ്ടയില്‍ ഇല്ലായിരുന്നു!!.....